2014, മേയ് 2, വെള്ളിയാഴ്‌ച

കാര്‍ത്തിക ക്രിസ്ത്യാനിയാണോ?

ഫാര്യ - അല്ല കൊച്ചിനു നമുക്ക് നല്ലൊരു പേര് കണ്ടുവയ്ക്കേണ്ടായോ?
ഫര്‍ത്താവ് - ആള് ഇപ്പോള്‍ വയറ്റില്‍ സുഖമായി, ഫുട്ബോള്‍ കളിച്ചിരിക്കല്ലേ.പുള്ളി പുറത്തെത്തിയിട്ട്പോരേ പേര്?

ഫാര്യ  - ആശുപത്രിയില്‍ ഒക്കെ ഇപ്പോള്‍ പേര് കൊടുക്കണന്നേ. അല്ലേല്‍ ജനനസര്‍ട്ടിഫിക്കറ്റ് ഒക്കെ പ്രശ്നമാകും. ജനന സര്‍ട്ടിഫിക്കറ്റിലെ പേരും എസ്‌എസ്‌എല്‍‌സി ബുക്കിലെ പേരും രണ്ടായാല്‍ പിന്നെ പുലിവാലാന്നേയ്..
ഫര്‍ത്താവ്  - എന്തായാലും മാമോദീസ പേര് എന്‍റെ അപ്പന്‍റെയോ അമ്മയുടെയോ ഇടണം.ആദ്യത്തെ കൊച്ചല്ലേ.പിന്നെ വിളിക്കാന്‍ ഒരു പേര് അത് ആ പേര് തന്നെ ഇട്ടാല്‍ പോരേ? എന്തിനാ വേറെ ഒരു പേര് നോക്കി ബുദ്ധിമുട്ടണേ.

ഫാര്യ  - അതുവേണോ.അപ്പന്‍റെ പേരിട്ടു വിളിച്ചാല്‍ കണ്‍ഫ്യൂഷന്‍ ആകില്ലേ.എടാ ജോര്‍ജേ എന്നു മോനുണ്ടായി അവനെ വിളിച്ചാല്‍ അപ്പന്‍ വിളികേള്‍ക്കോ അതോ മോന്‍ കേള്‍ക്കൊ?
ഫര്‍ത്താവ് -അത് നല്ലപോയന്‍റാ.അപ്പനെങ്ങാനും അമ്മയെ ചീത്ത പറഞ്ഞാല്‍ അമ്മക്ക് എടാ ജോര്‍ജേ ഇങ്ങോട്ട് വാടാന്നു മോനേ വിളിച്ചു,അപ്പനിട്ട്ചുമ്മാ പണി കൊടുക്കാം.

ഫാര്യ - എയ് എന്തായാലും അത് വേണ്ടാന്നേ.മാമോദീസ പേര് വേറെ ...വിളിക്കണ പേര് വേറെ.
ഫര്‍ത്താവ് . - എന്നാല്‍ അങ്ങനെയെങ്കില്‍ അങ്ങനെ.പക്ഷേ ഒരു കാര്യം.പേരിടുമ്പോ കേട്ടാല്‍ ക്രിസ്ത്യാനിയാണെന്ന് മനസിലാകുന്ന പേരിടണം. ഒരു മാതിരി നിന്‍റെ പേരുപോലത്തെ പേരിടരുത്.നിന്‍റെ പേരിന്‍റെ കൂടെ അപ്പന്‍റെ പേരില്ലെങ്കില്‍ ,നിന്നെ നിന്‍റെ നായര്‍ കൂട്ടുകാരികള്‍ അവരുടെ ആങ്ങളമാര്‍ക്ക് ആലോചിച്ചേനെ...

ഫാര്യ  - എന്നാ നമ്മള്തന്നെ പേരിട്ടോ..എന്‍റെ പേര് ഹിന്ദു പേരല്ലേ......ഞാന്‍ പേരിടുന്നില്ല..
ഫര്‍ത്താവ്  - അല്ല..അങ്ങനെയല്ലേ...കവി ഉദ്ദേശിച്ചത് എന്താണെന്ന് വച്ചാല്‍...

ഫാര്യ -എന്‍റെ കൂടെ പഠിച്ച ഒരു കുട്ടിയുടെ പേര് രമ്യ സ്റ്റീഫന്‍നായിരുന്നല്ലോ. അവര്‍ക്കെന്താ പേരിനു കുഴപ്പം? കീര്‍ത്തി ജോസും ഉണ്ടായിരുന്നു.
ഫര്‍ത്താവ്  - അല്ലാ എന്നാ ഒരു കാര്യം ചെയ്യാം.ബൈബിളില്‍നിന്ന് ഒരു പേരുണ്ടാക്കാം.പ്രശ്നം കഴിഞ്ഞില്ലേ.

ഫാര്യ - അല്ല ഇവിടത്തെ ചേച്ചിമാരുടെ പേരൊക്കെ സുധ എന്നൊക്കെയുണ്ടല്ലോ.അങ്ങനെ ഒരു പേര് ഞാന്‍ ഇവിടെ കേട്ടിട്ടുണ്ടല്ലോ.
ഫര്‍ത്താവ് - ബൈബിളീന്ന് പേരെടുത്തു...പ്രശ്നം തീര്‍ന്നല്ലോ..

ഫാര്യ -ബൈബിളീന്ന് എന്താ മത്തായി ,മാര്‍ക്കോസ്, മറിയം എന്നൊക്കെ പേര് എടുക്കാനാണോ. അതിലും ഭേദം എന്‍റെ പേരാ.
ഫര്‍ത്താവ് -നിന്‍റെ പേര് കിടിലന്‍ പേരല്ലേ.നിന്‍റെ പേരിന് എന്താ ഒരു പ്രശ്നം ?എത്ര ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലാ നിന്‍റെ പേരുള്ളത്.

ഫാര്യ -ബൈബിളീന്ന് ഏത് പേരാ ? പറ.
ഫര്‍ത്താവ് - അല്ല നീ പറ. നീയെന്താ ബൈബിള്‍ വായിച്ചിട്ടില്ലേ?

ഫാര്യ -ഞാന്‍ ആവശ്യത്തിനുള്ള ബൈബിളെ വായിച്ചിട്ടുള്ളൂ.നമ്മള്‍ ബൈബിള്‍, കഥാപുസ്തകം വായിക്കണപോലെയല്ലേ വായിക്കണേ..ഞാന്‍ അതുപോലെ വായിക്കാറില്ലായേ..
ഫര്‍ത്താവ് -അല്ല .......അ...അങ്ങനെയല്ല....നീ പേര് പറ......

ഫാര്യ -തന്നത്താന്‍ ഒരെണ്ണം പറഞ്ഞേ.കുറെ നാളായല്ലോ ഐപാഡില്‍ ഇരുന്ന്‍ ബൈബിള്‍ വായിക്കുന്നു...
ഫര്‍ത്താവ് ‍-ഓകെ.എന്ന ദേ പിടിച്ചോ ഒരു ജോഡി.പെണ്ണാണെങ്കില്‍ "കാര്‍ത്തിക"..ആണാണെങ്കില്‍..

ഫാര്യ -അയ്യോ കാര്‍ത്തിക...എന്നാ പേരാന്നേ...ബൈബിളാണെന്ന് വച്ച് വേറെ ഏതോ ബുക്കാന്നോ ഐപാഡില്‍ വായിക്കുന്നേ
ഫര്‍ത്താവ് - നിനക്കെന്താടീ ഇടക്കിടെ ഒരു കോട്ടയം ഭാഷ.കുറച്ചു കാലം അച്ചായത്തിമാരുടെ കൂടെ ഹോസ്റ്റലീ നിന്നപ്പോ ഭാഷ മാറ്യാ? എടി കാര്യമായിട്ട് പറഞ്ഞതാ.ബൈബിളില്‍ പേരുണ്ടെടി.നീ ജോബിന്‍റെ പുസ്തകം ജോബിന്‍റെ പുസ്തകം എന്നു കേട്ടണ്‍ഡാ.

ഫാര്യ  - ഏത് ജോബിന്‍റെ പുസ്തകം. ബൈബിളില്‍ എവിടെയാ അത്?
ഫര്‍ത്താവ്  - ഓ ജോബിന്‍റെ പുസ്തകം അറിയില്ലേ? വലിയ കാര്യത്തില്‍ പള്ളിയില്‍ പോകാന്‍ എന്താ ഇന്‍ററസ്റ്റ്.നമ്മുടെ അവിടെ കോഴിക്കച്ചോടം ചെയ്യണ ജോബിന്‍റെ പറ്റു പുസ്തകം.

ഫാര്യ -പറയണുണ്ടെങ്കില്‍ പറ.എനിക്കു വേറെ പണിയുണ്ട്.
ഫര്‍ത്താവ് -എടീ പഴയനിയമത്തിലെ ജോബിന്‍റെ പുസ്തകം 9ആം അധ്യായം 9ആം വാക്യത്തിലുണ്ട് കാര്‍ത്തിക എന്ന്‍.ഞാന്‍ ദേ കഴിഞ്ഞ ആഴ്ച വായിച്ചതാ.നിനക്കു സംശയണ്ടെങ്കില്‍ നീ ബൈബിളെടുത്ത് നോക്ക്

ഫാര്യ -ശരിയാ ഞാന്‍ നോക്കി ജോബിന്‍റെ പുസ്തകത്തില്‍ ഉണ്ട്.ഇനി ഇപ്പോ എന്‍റെ പേരും ഉണ്ടോവോ?
അല്ല അപ്പോ  നമ്മുടെ അപ്പുറത്ത് താമസിക്കുന്ന നാരായണന്‍ ചേട്ടന്‍റെ മോള് ബി‌എ ക്കു പഠിക്കുന്ന കാര്‍ത്തിക ക്രിസ്ത്യാനിയാണോ?
ഫര്‍ത്താവ് - പിന്നെ അല്ലാതെ.പുള്ളിക്കാരി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോ പള്ളിപ്പെരുന്നാളിന് തിരക്കിനിടയില്‍ കൂട്ടം തെറ്റി പള്ളിയില്‍ കയറിയപ്പോള്‍ അച്ചന്‍ വെഞ്ചിരിക്കണ  വെള്ളം, അറിയാണ്ട് തലേല്‍ വീണു.

വായനക്കാരുടെ ശ്രദ്ധക്ക് - ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ മരിച്ചു കിടക്കുന്നവര്‍ കുഴിയില്‍ നിന്നെഴുന്നേറ്റ് വന്ന്‍ തല്ലും. ഒരു കഥാതന്തു വീണു കിട്ടി. പിന്നെ കംപ്ലീറ്റ് ഗ്യാസടിച്ചുകയറ്റിയതാ.

എന്‍റെ ഭാവനയെകൊണ്ട് ഞാന്‍ തന്നെ തോറ്റു. ഭാവന... കൊള്ളാം നല്ല പേരാ.